Wednesday 14 December 2011

മഹല്ല് സമഗ്രവികസനം ഒരു മാർഗ്ഗരേഖ.- ഭാഗം 2

“ഒരു പ്രദേശത്ത് ഒരു പണ്ഢിതൻ, ഒരു ഡോക്ടർ, ഒരു എഞ്ചിനീയർ... ഉണ്ടായിരിക്കേണ്ടത് ഫർളുകിഫയാണ്‌” ഇമാം ഗസ്സാലി(റ)വിന്റെ ഈ വീക്ഷണത്തിൽ ഒരു മഹല്ലിലെ ജനങ്ങളുടെ സേവനത്തിനും, സാംസ്കാരിക നിലനില്പിന്നും ആവശ്യമായ മാനവവിഭവങ്ങൾ ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യതയാണ്‌ മുസ്ലിമുകളുടെ മേൽ സാമൂഹ്യബാധ്യതയാണ്‌

സ്വന്തം സമൂഹത്തിലേക്ക് തിരിച്ചു വന്ന് ജനങ്ങളുടെ സമുദ്ധാരണത്തിനുവേണ്ടി മുന്നിട്ടിറങ്ങുവാൻ ഖുർആനും ആഹ്വാനം ചെയ്യുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് മാനവവിഭവശേഷി പരിപോഷിപ്പിക്കുന്നതിന്‌ വേണ്ടി സമുദായ അംഗങ്ങളുടെ നിരന്തരമായ പരിശ്രമം, ശാക്തീകരണത്തിനും സ്വയം സജ്ജരാകുന്നതിനും അനിവാര്യമായതാണ്‌. ജനകീയ പങ്കാളിത്തമുള്ള വികസന പരിപാടികളിലൂടെ പ്രാദേശിക വിഭവങ്ങൾ കണ്ടെത്തുക എന്നത് ഏറ്റവും ഫലപ്രദമായ രീതിയാണ്‌.

സമൂലമായ മാറ്റത്തിലേക്ക് എവിടെ നിന്നും തുടങ്ങണം. പൊതുജനങ്ങൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, മത ഭൗതികരംഗത്ത് നേതൃത്വം നല്കേണ്ട ഇമാം, മുഅല്ലിമുകൾ തുടങ്ങി സമൂഹത്തിലെ നാനാതുറയിലുള്ളവരുടെ ഗുണമേന്മകൾ മെച്ചപ്പെടുത്തുക എന്നൊരു ലക്ഷ്യം മുന്നിൽ കാണാം.

ഓരോ നാട്ടിലേയും മതസ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന ഉദ്യോഗസ്ഥന്മാരുടേയും അദ്ധ്യാപനനിലവാരം ഉറപ്പുവരുത്തേണ്ടത് അതാതു നാട്ടുകാർ തന്നെയാണ്‌. ഉയർന്ന യോഗ്യതയും, നല്ല രീതിയിൽ പഠിപ്പിക്കുവാൻ കഴിവുമുള്ള അദ്ധ്യാപകർക്ക് മാത്രമേ നല്ല വിദ്യാർത്ഥികളെ വാർത്തെടുക്കാനാവൂ.

“തന്മാത്രയും, ഗ്രഹങ്ങളും, സൈക്കോളജിയും എന്താണെന്നു കിതാബുകളിൽ നിന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷെ ഇന്നത്തെ തലമുറയുടെ മുന്നിൽ അവയെല്ലാം കൃത്യമായി അവതരിപ്പിക്കുന്നതിൽ ഞാൻ പരാജയഭീതി കാണുന്നു” ബഹുമാന്യനായ ഒരു പണ്ഢിതൻ പങ്കുവെച്ച ഒരു അനുഭവമാണിത്. അവിടെയാണ്‌ മുൻപ് സൂചിപ്പിച്ച സമന്വയിപ്പിച്ച മതഭൗതിക വിദ്യഭ്യാസത്തിന്റെ പ്രസക്തി.

Transactional Analysis ന്റെ ഉപജ്ഞാതാവായ Eric Berne (1910 -1970) Philosophy of Transaction Analysis ആയി പരിചയപ്പെടുത്തുന്ന 3 കാര്യങ്ങൾ..
1- We all are born OK. as princes and Princesses
2-all of us have the capacity to think except the severely brain damaged
3-People decide their own destiny and these decision can be changes

ഇതിന്റെ ഇസ്ലാമിക് version നമുക്കു ഇങ്ങനെ പറയാം.
1-ഒരോ കുഞ്ഞും ഈ ലോകത്തിലേക്കു ജനിച്ചു വീഴുന്നതു ശുദ്ധപ്രകൃതിയിലാണു.......(ഖുർആൻ)
2-ചിന്തിക്കൂ.. ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തങ്ങളുണ്ടു...(ഖുർആൻ)
3-ഒരു ജനതയുടെ സ്ഥിതിയിൽ അല്ലാഹു ഒരു മാറ്റവും വരുത്തില്ല. അവർ സ്വയമൊരു മാറ്റത്തിനു തയ്യാറായിട്ടല്ലാതെ..(ഖുർആൻ)

മറ്റൊരു ഹദീസിൽ ഇപ്രകാരം. സഹായം ആവശ്യപ്പെട്ട് വന്ന ഒരാളോട് അദ്ദേഹത്തിന്റെ കൈവശം ഉള്ള പുതപ്പ് കൊണ്ടു വരാൻ കല്പിച്ച പ്രവാചകൻ അതു വിറ്റു കിട്ടിയ ദീനാർ കൊണ്ടു മഴു വാങ്ങിച്ചു ഉപജീവനത്തിനുള്ള മാർഗ്ഗം കാണിച്ചു കൊടുത്തു.. ഇവിടെ അലസതയുടെ അടയാളമായ പുതപ്പു അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും എടുത്തു മാറ്റി ഒപ്പം വീണ്ടും ജനങ്ങല്ക്കു മുമ്പിൽ സഹായത്തിനായി കൈനീട്ടുന്നതിനു പകരം ജീവിത മാർഗ്ഗത്തിനുള്ള ഒരു വഴിയും തുറന്നു നല്കി, .ഈ രീതിയിലുള്ള ഒരു മനശ്ശാസ്ത്രപരമായ സമീപനം ഈ ഹദീസിൽ വ്യക്തമാണു.

ഈ തരത്തിൽ മതവിഷയങ്ങളെ ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ട് അവതരിപ്പിക്കുവാൻ മഹല്ലിലെ ഇമാമിനും അദ്ധ്യാപകർക്കും സാധിച്ചാൽ അതിന്റെ പ്രതിഫലനം അത്ഭുതാവഹമായിരിക്കും. അതിനു സഹായകമാകുന്ന ബ്രിഡ്ജ് കോഴ്സുകൾ ഇന്ന് കേരളത്തിൽ ലഭിക്കുന്നുണ്ട്. അത്തരം ട്രൈനിങ്ങ് സെഷനുകളിൽ സ്വമേധയാ പങ്കെടുക്കുകയോ, അവരെ പങ്കെടുപ്പിക്കുകയോ ചെയ്യേണ്ട ആവശ്യകതയിലേക്കാണ്‌ ഇതെല്ലാം വിരൽ ചൂണ്ടുന്നത്.

അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന വിദ്യഭ്യാസ തൊഴിൽരംഗത്തെ പ്രവണത, ഭാവിയിൽ കുട്ടികളുടെ ശോഭനമായ ഭാവിക്കുവേണ്ടി വ്യവസ്ഥാപിതമായ തൊഴിലാസൂത്രണം അനിവാര്യമായിരിക്കുന്നു. ഈയൊരവബോധം രക്ഷിതാക്കളിലും, വിദ്യാർത്ഥികളിലും, പൊതുജനങ്ങൾക്കിടയിലും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അതിന്‌ വിദ്യാർത്ഥികളെ സജ്ജരാക്കേണ്ടതും രക്ഷിതാക്കളടങ്ങുന്ന പൊതുജനത്തിന്റെ ബാധ്യതയാണ്‌.

എന്റെ മകന്റെ ഉന്നതവിദ്യഭ്യാസം എന്നനിലയിൽ ചിന്തിക്കുന്ന നാമോരോരുത്തരും അല്പം കൂടി വിശാലമായി ചിന്തിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ എല്ലാസ്കൂളുകളിലും നടത്തപ്പെടുന്ന പ്രവേശനോത്സവത്തിന്റെ ചുവടുപിടിച്ച് എസ്.എസ്,എൽ,സി, മറ്റു വാർഷിക പരീക്ഷകളുടെ സമയത്തും വൈകുന്നേരങ്ങളിൽ മദ്രസകളിലും സ്കൂളുകളിലും പഠനസൗകര്യം ചെയ്തുകൊടുക്കുക. സന്ധ്യാസമയത്ത് അയൽവാസിയുടെ മകനെ പുറത്തുകാണുമ്പോൾ സ്വന്തം മകനോട് തോന്നുന്ന വികാരത്തിൽ അവനെ സ്നേഹത്തോടെ ശാസിക്കാനും, പഠനത്തിൽ പ്രോത്സാഹിപ്പിക്കുവാനും അവകാശമുള്ള രീതിയിൽ പൊതുജനങ്ങൾ ഒരേമനസ്സായി ചിന്തിക്കുന്ന അവസ്ഥ. അതിന്റെ ഫലം വളരെ സുന്ദരമായിരിക്കുമെന്ന് കേരളത്തിലെ ചില ജില്ലകളിലെ പ്രവർത്തനങ്ങൾ തെളിയിച്ചിരിക്കുന്നു.

വിദ്യഭ്യാസപരമായ ഇത്തരം മുന്നേറ്റങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ നാട്ടിലെ നിരക്ഷരതയും, വിദ്യഭ്യാസത്തിന്റെ നിലവാരമില്ലായ്മയും ചർച്ച ചെയ്യപ്പെടും. പൊതുജനങ്ങളുടെ ഈ കൂട്ടായ്മയിലൂടെ സമ്പൂർണ്ണ സാക്ഷരത മഹല്ലിനായുള്ള പ്രവർത്തനങ്ങൾ കൂടി കൊണ്ടുവരാനാകും. പഠിച്ച് കൊണ്ടിരിക്കുന്നവരെ മാത്രമല്ല, പകുതിവെച്ച് പലവിധ കാരണങ്ങളാൽ പകുതിയിൽ പഠനം അവസാനിപ്പിച്ചവരെ കണ്ടെത്താനാകും. കൃത്യമായ മാർഗ്ഗനിർദ്ധേശവും, തുടർവിദ്യഭ്യാസത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയുമാണ്‌ ഇത്തരം കൊഴിഞ്ഞുപോക്കിനും, സ്മാർട്ടായ കുട്ടികൾ ഭാവിയിൽ എവിടെയും എത്താതെ പോകുന്നതിനുമുള്ള മുഖ്യകാരണം.

സ്കൂൾ തലം മുതൽ ഈ ലക്ഷ്യബോധം വിദ്യാർത്ഥികൾക്കിടയിൽ ഉണ്ടാക്കിയെടുക്കേണ്ടത് ഈ കാലാഘട്ടത്തിലെ ആവശ്യകത കൂടിയാണ്‌. 9,10 ക്ളാസ്സുകളിൽ പഠിക്കുന്ന കുട്ടികളെ differential aptitude test (DAT) അഥവാ അഭിരുചി നിർണ്ണയ പരീക്ഷ ചെയ്യിച്ചാൽ അവരുടെ കഴിവും, അഭിരുചിയും കണ്ടെത്താനാവുകയും ശോഭനമായ ഭാവിയിലേക്കുള്ള നല്ലൊരു തീരുമാനമാകുകയും ചെയ്യും.

മഹല്ലിന്റെ ആനുകാലികവും, വരാനിരിക്കുന്നതുമായ കാര്യങ്ങളിൽ യുവജനങ്ങളുടെയും, രക്ഷിതാക്കളുടേയും, സ്ഥാപന നടത്തിപ്പുകാരുടെയും, അദ്ധ്യാപകരുടെയും സർവ്വോപരി വിദ്യാർത്ഥികളുടെയും ഗുണമേന്മ എന്നതു ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്‌.


ഇൻഷാ അല്ലാഹ് തുടരാം എന്ന പ്രതീക്ഷയോടെ..

Saturday 30 July 2011

മഹല്ല് സമഗ്ര വികസനം: ഒരു മാർഗ്ഗ രേഖ

മക്കാ വിജയത്തിനു ശേഷം നിലവിൽ വന്ന ഇസ്ലാമിക ഭരണത്തിന്റെ തുടർച്ചയായിരുന്നു നാല്‌ ഖലീഫമാരുടെ കാലഘട്ടം. അവരുടെ ശേഷമുള്ള ഭരണത്തെ ഖിലാഫത്ത് എന്ന് വിളിക്കുന്നതിൽ അഭിപ്രായ വ്യത്യാസമുള്ളവർ ഉണ്ടെങ്കിലും ഈ അടുത്ത കാലത്ത് വരെ തുർക്കി കേന്ദ്രമായി ഒരു ഇസ്ലാമിക ഖിലാഫത്ത് നിലനിന്നിരുന്നു. 1923 ൽ തുർക്കി ഭരണാധികാരി അത്താതുർക്ക് ആ സംവിധാനത്തെ ഗളഛേദം ചെയ്യുന്നതു വരേക്കും. എങ്കിലും അത്തരം ഒരു ഭരണ സംവിധാനം ഇന്നും നില നില്ക്കുന്നു പ്രത്യേകിച്ചും കേരളത്തിലുടനീളം. അതിന്റെ ഒരു ഭാഗമായിത്തന്നെ നാമോരുത്തരും ജീവിച്ചു പോരുന്നു. പ്രാദേശിക തലത്തിലുള്ള ഈ ഭരണ സംവിധാനമാണ്‌ നാം അധിവസിക്കുന്ന മഹല്ലുകൾ.

ഒരു നാട്ടിലെ ജനങ്ങളുടെ ജനനം മുതൽ മരണം വരെയും, നാടിന്റെ മതം, സാമൂഹികം, സാംസ്കാരികം, സാമ്പത്തികം തുടങ്ങി സമസ്ഥ മേഘലകളിലും വ്യക്തമായ സ്വാധീനം ചെലുത്തുവാൻ ഈ പ്രാദേശിക സംവിധാനത്തിന്‌ കഴിയും. ദിശാബോധമുള്ള ഭരണാധികാരികളും, കർമ്മനിരതനായ ഇമാമും തോളോട് തോൾ ചേർന്ന്, അന്നാട്ടിലെ ജനങ്ങളുടെ ചിന്തയും കഴിവുകളും ഒരേ ലക്ഷ്യത്തിലേക്ക് തിരിച്ചു വിട്ടാൽ, ഈ പ്രദേശിക കൂട്ടായ്മക്ക് സമ്പന്നതയുടെ ദർബാറുകൾക്കു പോലും മാതൃക സൃഷ്ടിക്കാനാകാനായേക്കാം.

കേരളത്തിലങ്ങോളമിങ്ങോളം പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനകളുടെ പ്രവർത്തന വിജയങ്ങളെ മറച്ചു പിടിക്കുന്നില്ല എങ്കിലും ആശയ പരമായ അഭിപ്രായ വ്യത്യാസങ്ങളുടെ അയിത്തം പുരട്ടിയ മുള്ളുവേലികൾ വിഭാഗീയതക്കു കാരണമാകുന്നു എന്നത് ഒരു യാഥാർത്യമാണു. ഇത്തരം വ്യത്യാസങ്ങൾക്കതീതമായ ഒരു കൂട്ടായ്മയും ഈ ഭരണ സംവിധാനത്തിന്റെ മുതൽ കൂട്ടാണ്‌.

കാലങ്ങളായി തുടർന്നു വന്നു കൊണ്ടിരിക്കുന്ന രീതികൾക്കപ്പുറം സമസ്ഥ മേഘലകളിലുമുള്ള സമഗ്രമായ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് സമന്വയിപ്പിച്ച മത-ഭൗതിക വിഷയങ്ങളിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുക എന്നുള്ളതാണു മഹല്ല് ഭരണ നേതൃത്വം ലക്ഷ്യമാക്കേണ്ടത്.

മതപരമായ വിഷയങ്ങൾ മഹല്ല് തലത്തിൽ കൈകാര്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഭൗതികപരമായ വിഷയങ്ങളിലേക്ക് ഇനിയും ചുവടു വെക്കാത്ത മഹല്ലുകളാണ്‌ ഭൂരിഭാഗവും നമുക്കു ചുറ്റും.

ഈലോകത്തും പരലോകത്തും നന്മയെ നല്കണമെന്ന് നിരന്തരം പ്രാർത്ഥിക്കുന്നവരാണ്‌ നമ്മൾ. ഈ ലോകത്തിലെ നന്മ എന്നതിനെ, മറ്റൊരാൾക്ക് മുൻപിൽ ഓഛാനിച്ചു നില്ക്കാതെ അന്തസ്സോടു കൂടി, ജീവിക്കുവാൻ കഴിയുക എന്നതും കൂടിയാണ്‌. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ നിർവ്വഹിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നീട് വരുന്നതാണ്‌ ആ ജീവിതത്തെ നല്ല നിലയിൽ നിലനിർത്തി കൊണ്ടു പോകുക എന്നത്. അതു പലപ്പോഴും നാം ചെയ്യുന്ന ജോലിയെ അടിസ്ഥാനപെടുത്തിക്കൊണ്ടായിരിക്കും മുന്നോട്ട് പോകുന്നതും. ജോലിയെന്നതോ മിക്കവാറും അവനഭ്യസിച്ച വിദ്യഭ്യാസത്തിന്റെ തോതനുസരിച്ചും.

ഇവിടെ നിന്നു കൊണ്ടാണു നാം സ്ത്രീ പുരുഷ സമുച്ചയം എന്ന സമുദായത്തിന്റെ അവസ്ഥകൾ നോക്കിക്കാണേണ്ടത്. ന്യൂപക്ഷങ്ങളെക്കുറിച്ച് പഠന വിധേയമാക്കിയ സച്ചാർ, മിശ്ര കമ്മീഷൻ റിപ്പോർട്ടുകൾ അടിസ്ഥനപ്പെടുത്തി സംവരണാടിസ്ഥാനത്തിൽ ഒഴിവുകൾ വന്നാൽ അത് നികത്തുന്ന രീതിയിൽ വിദ്യാസമ്പന്നരായ ഉദ്യോഗാർത്ഥികളെ നല്കുവാൻ കഴിയുന്ന ഒരു അവസ്ഥയല്ല ഈ സമുദായത്തിനുള്ളതെന്ന സത്യം നമ്മെ തുറിച്ചു നോക്കി നില്ക്കുന്നു.

കേരളത്തിലെ 3 കോടിയിലധികം വരുന്ന ജനസംഖ്യയിൽ 26% ത്തോളം വരുന്ന മുസ്ലിം ജനസംഖ്യയുടെ ആനുപാതിക കണക്കെടുത്തു കൊണ്ട് പരിശോധിച്ചാൽ ഒരു പക്ഷെ കേരളത്തിലെ ജയിലുകൾ ഒഴിച്ച് ബാക്കി ഒന്നിലും തന്നെ പ്രാതിനിധ്യാനുപാതം കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. കേരളത്തിലെ 434 ഓളം വരുന്ന സിവിൽ സർവ്വിസ് ഓഫീസർമാരിൽ മുസ്ലിം പ്രാതിനിധ്യം കേവലം 10ൽ താഴെയാണ്‌ എന്നു പറയുമ്പോൾ ഈ സത്യം നമുക്കു കൂടുതൽ ബോധ്യപ്പെടുക തന്നെ ചെയ്യും.

2006, 2008 കളിലായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയിട്ടുള്ള “ കേരള പഠനം” എന്ന 203 പേജുള്ള പുസ്തകത്തിൽ ഇങ്ങണെ കാണാം.
“ തൊഴിലില്ലായ്മയും മുസ്ലിം യുവാക്കളിൽ ആണ്‌ കൂടുതൽ. ഹിന്ദുക്കളിലെ ജാതി തിരിച്ചുള്ള കണക്ക് നോക്കിയാൽ സവർണ്ണർ കൃസ്ത്യാനികൾക്കൊപ്പമാണ്‌. പിന്നോക്ക ജാതിക്കാർ വിദ്യഭ്യാസപരമായും പിന്നോക്കം തന്നെ. പട്ടികജാതി/വർഗ്ഗക്കാർ മുസ്ലിങ്ങളെ പോലെ തന്നെ അതിനേക്കാൾ ഏറെ പിന്നിലാണ്‌.

മുസ്ലിം സമുദായത്തിലെ യുവാക്കളുടെ വിദ്യഭ്യാസപരമായ പിന്നോക്കാവസ്ഥയാണ്‌ സ്വാഭാവികമായും അവരുടെ ഉദ്യോഗ ലബ്ധിയിലും സർക്കാർ സർവ്വീസിലെ പ്രവേശനത്തിലും പിന്നീട് പ്രതിഫലിക്കുന്നത്. അവരുറ്റെ ഇടയിലെ തൊഴിലില്ലായ്മയും ഏറ്റവും കൂടുതലാണ്‌.

സാമൂഹിക -സാമ്പത്തിക മാറ്റങ്ങളുടെ തുടക്കം വിദ്യഭ്യാസ രംഗത്തു നിന്നു തന്നെ ആകേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ ഇതു ശ്രദ്ധ ക്ഷണിക്കുന്നത്. വിദ്യഭ്യാസം മാത്രം പോര, ലക്ഷ്യബോധമുള്ളതും ഫലപ്രദവുമായ വിദ്യഭ്യാസം തന്നെ നല്കണം എന്നും ഈ പഠന ഫലങ്ങൾ സൂചിപ്പിക്കുന്നു”





കടപ്പാട്: കേരള പഠനം. (ശാസ്ത്ര സാഹിത്യ പരിഷത്ത്)

മേൽ സൂചിപ്പിക്കപ്പെട്ട സർക്കാർ ഉദ്ധ്യോഗത്തിലെ പ്രാതിനിധ്യം എന്ന പട്ടികയിലെ കുറവ് (-136) ഒന്നു ശ്രദ്ധിച്ചാൽ മനസ്സിലാക്കാം വിദ്യഭ്യാസപരമായ പിന്നോട്ടു പോകലിൽ മുസ്ലിം സമുദായം എത്ര മുന്നിലാണെന്നുള്ളത്. എന്നിട്ടു പോലും നാം ഉറങ്ങുകയോ, ഉറക്കം നടിക്കുകയോ ചെയ്യുന്നു. പരിതാപകമായ ഈ അവസ്ഥകൾ പരിഹരിക്കപ്പെടണമെങ്കിൽ താഴെക്കിടയിൽ നിന്നുകൊണ്ടു തന്നെ മതവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അതേ ഗൗരവത്തോടെ മതം, ഭൗതികം എന്ന വേർതിരിവ് നല്കാതെയുള്ള രീതിയിൽ പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ്‌ വേണ്ടത്. അതിന്‌ വേണ്ടി ജനങ്ങളുമായി ഇടപെടലുകൾ വളരെ സുതാര്യമായി നടത്തുവാൻ മഹല്ല് സംവിധാനങ്ങൾക്കെ കഴിയൂ.

മഹല്ലിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ ഇവരെയെല്ലാം ഉപയോഗപ്പെടുത്തി വിദൂരഭാവി ലക്ഷ്യമിട്ടുകൊണ്ട് ശാക്തീകരണത്തിന്റെ പാതയിൽ മഹല്ല് തലത്തിൽ പ്രവർത്തനങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്ന വിഷയമാണ്‌ നമുക്കിവിടെ ചർച്ച ചെയ്യേണ്ടത്. അതിനു കേരളത്തിൽ സമാന ചിന്താഗതിയിൽ നടക്കുന്ന കാര്യങ്ങൾ നമുക്കു പ്രചോദനം ആകുകയും ചെയ്യും.


തുടരും....